പുല്‍പ്പള്ളി: ടൗണില്‍ ട്രാഫിക് പരിഷ്കരണം നടപ്പാക്കിയെങ്കിലും ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാനായില്ല.
ടൗണില്‍ വാഹനങ്ങള്‍ നടപ്പാതയില്‍ പാര്‍ക്ക് ചെയ്യാന്‍ തുടങ്ങിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ ടൗണിലെത്തുന്ന വാഹനങ്ങള്‍ നിര്ത്തിയിടാനിടമില്ലാതായി. ഇതോടെയാണ് പലരും വാഹനങ്ങള്‍ നടപ്പാതയില്‍ കയറ്റിയിടുന്നത്. പ്രധാന പാതയില്‍ ഇരു ഭാഗത്തും വാഹനങ്ങള്‍ നിറഞ്ഞ് കിടക്കുന്നതിനാല്‍ ബസുകളും വലിയ വാഹനങ്ങളും എത്തുമ്പോള്‍ ഇടം നല്കാന് കഴിയാതെ വരുന്നത് ഗതാഗതക്കുരുക്കിനിടയാക്കുന്നു.
ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ പഞ്ചായത്തും പൊലിസും സര്‍വകക്ഷി യോഗം ചേര്‍ന്നു ടൗണില്‍ ട്രാഫിക് പരിഷ്കരണം നടപ്പാക്കിയിരുന്നു. എന്നാല്‍ അധികൃതരുടെ അനാസ്ഥ മൂലം പരിഷ്കരണം താളംതെറ്റിയ അവസ്ഥയാണ്. സ്വകാര്യ വാഹനങ്ങളുമായി ടൗണിലെത്തുന്നവര്‍ക്ക് അവ നിര്‍ത്തിയിടാന്‍ സ്ഥലമില്ലാത്ത പ്രശ്നവും രൂക്ഷമാണ്. ഇവിടെ രാവിലെ മുതല്‍ വാഹനം നിര്‍ത്തി മറ്റ് സ്ഥലങ്ങളില്‍ പോയിവരുന്നവരുമുണ്ട്.
ഗതാഗതക്കുരുക്ക് മുറുകുന്ന പുല്‍പ്പള്ളിയില്‍ ഉടനടി ട്രാഫിക് ഉപദേശക സമിതി യോഗം ചേര്‍ന്ന് പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ആനപ്പാറ, ചെറ്റപ്പാലം, മെയിന്‍ റോഡ് എന്നീ റൂട്ടുകളിലാണ് പലപ്പോഴും ഗതാഗതക്കുരുക്കുണ്ടാകുന്നത്. ഓട്ടോകളുടെയും ടാക്സികളുടെയും മറ്റു ചരക്ക് വാഹനങ്ങളുടെയും എണ്ണവും വര്‍ധിച്ചു. ഇവയ്ക്കും നിര്‍ത്തിയിടാന്‍ ഇടമില്ലാത്ത അവസ്ഥയാണ്. ഇതിന് പരിഹാരം കാണാന്‍ നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരണം
അനുയോജ്യമായ തരത്തില്‍ ട്രാഫിക് പരിഷ്കരണം
നടപ്പാക്കേണ്ടത് അത്യാവശ്യമാണ്
അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന പുല്‍പ്പള്ളി ടൗണിന് അനുയോജ്യമായ തരത്തില്‍ ട്രാഫിക് പരിഷ്കരണം നടപ്പാക്കേണ്ടത് അത്യാവശ്യമാണ്.
പുല്‍പ്പള്ളി ടൗണില്‍ ദിവസംതോറും വര്‍ധിച്ചുകൊണ്ടിരിക്കുന്ന ട്രാഫിക് കുരുക്കിന് പരിഹാരം കാണേണ്ടത് പുല്‍പ്പള്ളി പഞ്ചായത്ത് ഭരണസമിതിയുടെ ഉത്തരവാദിത്തമാണ്. സ്വകാര്യ വ്യക്തികളുമായി സഹകരിച്ചു പേ ആന്‍ഡ് പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുകയാണെങ്കില്‍ റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ മൂലമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാവുന്നതാണ്.
വഴിയോരക്കച്ചവടക്കാര്‍ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുവാന്‍ അവര്‍ക്ക് കച്ചവടം ചെയ്യാന്‍ ഒരു ഓപ്പണ്‍ മാര്‍ക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തണം. വന്‍കിട വ്യാപാരസ്ഥാപനങ്ങള്‍ കസ്റ്റമേഴ്സിന് പാര്‍ക്കിംഗ് സംവിധാനം ഒരുക്കണം. ടൗണില്‍ വാഹനങ്ങളില്‍ നിന്നുള്ള സാധനങ്ങള്‍ കയറ്റിയിറക്കിന് സമയ നിയന്ത്രണം ഏര്‍പ്പെടുത്തുകയും വേണം. പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ട്രാഫിക് അഡൈ്വസറി കമ്മിറ്റി ഇടയ്ക്കിടയ്ക്ക് യോഗം ചേര്‍ന്ന് വേണ്ടത്ര ക്രമീകരണങ്ങള്‍ നടപ്പാക്കുകയും വേണം.
പി.ഡി. ജോണി
(മണ്ഡലം പ്രസിഡന്റ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)
റോഡ് പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം
കഴിഞ്ഞവര്‍ഷം നിര്‍മാണം ആരംഭിച്ച പെരിക്കല്ലൂര്‍-പുല്‍പ്പള്ളി-ബത്തേരി റോഡ് പണികൾ പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പ്രദേശ വാസികള്‍ക്ക് തീരാശാപമായി മാറിയിരിക്കുകയാണ്.
2026 ജൂണ്‍ 10ന് പണികള്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന റോഡ് നിലവില്‍ മുള്ളന്‍കൊല്ലി വരെ മാത്രമാണ് ഭാഗികമായെങ്കിലും പൂര്‍ത്തിയാക്കിയിട്ടുള്ളത്. റോഡുകള്‍ താറുമാറായത് മൂലം ടൗണില്‍ മുമ്പെങ്ങും ഉണ്ടാകാത്ത വിധത്തില്‍ നിരന്തരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. വാഹനപ്പെരുപ്പത്തോടൊപ്പം കൃത്യമായി സീബ്രാ ലൈനുകള്‍ ഇല്ലാത്തതും ഇരുചക്ര വാഹനങ്ങളുടെ മരണപ്പാച്ചിലും ബസുകളുടെ മെല്ലെപ്പോക്കും കൃത്യമായി നിയന്ത്രിക്കാനുള്ള ഹോം ഗാര്‍ഡുകളുടെ അഭാവവും കാരണം പുല്‍പ്പള്ളി ടൗണിലെ ട്രാഫിക് താറുമാറായിരിക്കുകയാണ്.
എത്രയും പെട്ടെന്ന് റോഡ് പണികള്‍ പൂര്‍ത്തീകരിക്കുകയും സീബ്രാ ലൈനുകള്‍ സ്ഥാപിക്കുകയും ട്രാഫിക് അഡൈ്വസറി തീരുമാനങ്ങള്‍ നടപ്പാക്കുകയും ചെയ്യണം.
മാത്യു മത്തായി ആതിര
(വ്യാപാരി വ്യവസായി ഏകോപന സമിതി പുല്‍പ്പള്ളി യുണിറ്റ് പ്രസിഡന്റ് )
ട്രാഫിക് കമ്മിറ്റി തീരുമാനങ്ങള്‍ നടപ്പാക്കണം
വാഹനങ്ങളുടെ എണ്ണത്തിലെ വര്‍ധനയും ട്രാഫിക് പരിഷ്കരണം നടപ്പില്‍ വരുത്തുന്നതില്‍ കാലാകാലങ്ങളായി ഉണ്ടാകുന്ന പോരായ്മകളും പുല്‍പ്പള്ളി ടൗണില്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. നിലവില്‍ ട്രാഫിക് കമ്മിറ്റി എടുത്തിരിക്കുന്ന തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന് പുല്‍പ്പള്ളി-ബത്തേരി റോഡ് നിര്‍മാണത്തിലെ തടസങ്ങളും കാരണമാണ്.
റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ കൃത്യമായി സീബ്രാ ലൈനുകള്‍ വരയ്ക്കുന്നതിനോ പാര്‍ക്കിംഗ്, നോ പാര്‍ക്കിംഗ് മേഖലകള്‍ തിരിച്ച് അടയാളപ്പെടുത്തുന്നതിനോ സാധിക്കുന്നില്ല. ബസ്സ്റ്റാന്‍ഡ് മുതല്‍ താഴെ അങ്ങാടിവരെയും അനശ്വര ജംഗ്ഷന് വരെയും ബസുകള്‍ ഇടയ്ക്കിടയ്ക്ക് നിര്‍ത്തുന്നതും അനുവദനീയമായതിനേക്കാള്‍ കുറഞ്ഞ വേഗത്തില്‍ പോകുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു.
ബാബു പ്രണവം
(ട്രാഫിക് അഡൈ്വസറി മെംബര്‍, പുല്‍പ്പള്ളി പഞ്ചായത്ത്)